Sunday, April 22, 2007

പൗലോ കൊയ്‌ലോ എഴുതിയത്‌



പെന്‍സിലിന്റെ കഥ

പൗലോ കൊയ്‌ലോ

ഒരു കുട്ടി, അവന്റെ മുത്തശ്ശി കത്തെഴുതുന്നത്‌ നോക്കിയിരിക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ അവന്‍ ചോദിച്ചു:
"നമ്മള്‍ ചെയ്ത എന്തിനെയെങ്കിലും പറ്റി കഥയെഴുതുകയാണോ? എന്നെക്കുറിച്ചുള്ള ഒരു കഥയാണോ ഇത്‌?"

മുത്തശ്ശി എഴുത്തു നിര്‍ത്തിയിട്ട്‌ പേരക്കുട്ടിയോട്‌ പറഞ്ഞു:
"ഞാന്‍ നിന്നെക്കുറിച്ചെഴുതുകയാണ്‌, സത്യത്തില്‍. എന്നാല്‍ വാക്കുകളെക്കാള്‍ മുഖ്യം ഞാനുപയോഗിക്കുന്ന പെന്‍സിലാണ്‌. നീ വളരുമ്പോള്‍ ഈ പെന്‍സില്‍ പോലെയായിത്തീരണമെന്ന് ഞാനാശിക്കുന്നു."

അവന്‍ ജിജ്ഞാസയോടെ ആ പെന്‍സിലിലേക്ക്‌ നോക്കി. അതിന്‌ യാതൊരു സവിശേഷതയും തോന്നിയില്ല.

"പക്ഷേ ഞാന്‍ കണ്ടിട്ടുള്ള മറ്റേതൊരു പെന്‍സിലിനെയും പോലെയാണല്ലോ ഇതും!"

"നീ കാര്യങ്ങള്‍ എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമത്‌. ഇതിന്‌ അഞ്ചു ഗുണങ്ങളുണ്ട്‌. അവയെ മുറുകെ പിടിച്ചാല്‍ എല്ലായ്പ്പോഴും ലോകത്തോട്‌ സമരസപ്പെട്ട്‌ പോകാന്‍ കഴിയുന്നയാളായിത്തീരും നീ.

ഒന്നാമത്തെ ഗുണം: നിനക്ക്‌ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പക്ഷേ നിന്റെ ചുവടുകളെ നയിക്കുന്ന ഒരു കൈയുണ്ടെന്നത്‌ നീയൊരിക്കലും മറക്കരുത്‌. ആ കൈയെ നമ്മള്‍ ദൈവമെന്നു വിളിക്കുന്നു. അവന്‍ നമ്മളെ അവന്റെ ഹിതമനുസരിച്ച്‌ നയിക്കുന്നു.

രണ്ടാമത്തെ ഗുണം: ഇടയ്ക്കിടെ, എഴുത്ത്‌ നിര്‍ത്തിയിട്ട്‌ ഞാനിതിന്റെ മൂര്‍ച്ച കൂട്ടുന്നു. അത്‌ കാരണം പെന്‍സില്‍ അല്‌പം കഷ്ടപ്പെടുന്നുണ്ട്‌. എന്നാലത്‌ കഴിയുമ്പോള്‍ അവന്‌ കൂടുതല്‍ മൂര്‍ച്ച കൈ വരുന്നു. അത്‌ പോലെ, നീയും ചില വേദനകളും ദുഃഖങ്ങളും സഹിക്കാന്‍ പഠിക്കണം.
എന്തെന്നാല്‍ അവ നിന്നെ കൂടുതല്‍ മെച്ചപ്പെട്ട ഒരു വ്യക്തിയാക്കി മാറ്റും.

മൂന്നാമത്തെ ഗുണം: പെന്‍സില്‍ എപ്പോഴും ഒരു എറേസര്‍ ഉപയോഗിക്കാന്‍ നമ്മെ അനുവദിക്കുന്നു, ഏതു തെറ്റും മായ്ക്കാനായി. അതായത്‌, നമ്മള്‍ ചെയ്യുന്നതെന്തെങ്കിലും തിരുത്തുന്നത്‌ ഒരു മോശപ്പെട്ട കാര്യമല്ല. അത്‌ നമ്മളെ നീതിയുടെ വഴിയില്‍ നടക്കുവാന്‍ സഹായിക്കുന്നു.

നാലാം ഗുണം: ഒരു പെന്‍സിലില്‍ പ്രധാനം തടി കൊണ്ടുള്ള പുറംതോടല്ല, അതിനുള്ളിലെ ഗ്രാഫൈറ്റാണ്‌. അത്‌ കൊണ്ട്‌ എപ്പോഴും നിന്റെ ഉള്ളിലുള്ളതിന്‌ ശ്രദ്ധ നല്‌കുക.

ഒടുവിലായി, പെന്‍സിലിന്റെ അഞ്ചാമത്തെ ഗുണം: അത്‌ എപ്പോഴും ഒരു അടയാളം അവശേഷിപ്പിക്കുന്നു. അതേ രീതിയില്‍, നീ ജീവിതത്തില്‍ ചെയ്യുന്ന ഓരോ കാര്യവും ഒരടയാളം ബാക്കി വയ്ക്കുമെന്ന് നീ മനസ്സിലാക്കണം. അതിനാല്‍ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അതേപ്പറ്റി ബോധവാനായിരിക്കാന്‍ ശ്രമിക്കൂ."


(പൗലോ കൊയ്‌ലോയുടെ 'ഒഴുകുന്ന നദിയെന്ന പോലെ' എന്ന പുസ്തകത്തില്‍ നിന്ന്‌.)

14 comments:

പരാജിതന്‍ said...

"...നീ വളരുമ്പോള്‍ ഈ പെന്‍സില്‍ പോലെയായിത്തീരണമെന്ന് ഞാനാശിക്കുന്നു."

പൗലോ കൊയ്‌ലോയുടെ പുസ്തകത്തില്‍ നിന്ന്‌.

തറവാടി said...

പരാജിതാ ,

വളരെ നല്ല തിരഞ്ഞെടുപ്പ്‌ ,
അഞ്ചു ഗുണങ്ങളില്‍ നാലാമത്തേത്‌ ഏറ്റവും ഇഷ്ടമായി

ഗുഡ് വര്‍ക്ക് :)

( ഒറിജിനല്‍ കവിക്കും പിന്നെ താങ്കളുടെ മൊഴിമാറ്റത്തിനും )

ശാലിനി said...

നല്ല കഥ, നല്ല പരിഭാഷ.

ചില നേരത്ത്.. said...

പക്ഷേ ഒരു പെന്‍സില്‍ കൊണ്ടെഴുതിയ കടലാസിലെ വാക്കുകള്‍ കാല പഴക്കം കൊണ്ട് മാഞ്ഞ് പോകുന്നു.
പൌലോ കെയ്‌ലോ, ദുര്‍ബലമായ ഉദാഹരണങ്ങള്‍ കൊണ്ട് പലപ്പോഴും ആത്മീയത നിര്‍വചിക്കുന്നുണ്ട്. ആല്‍കെമിസ്റ്റിന് ശേഷം എഴുതിയവ മികച്ചതല്ലെന്ന് തോന്നിയിട്ടുണ്ട്. ആല്‍കെമിസ്റ്റ് തന്നെ നന്നായിട്ടില്ലെന്ന് കുറെ പേര്‍ പറഞ്ഞ് കേട്ടിരിക്കുന്നു.

Anonymous said...

മൂര്‍ച്ചകൂട്ടിക്കൂട്ടി തേഞ്ഞുതീരുന്ന പെന്‍സില്‍.. ഹോ.. പരാജിതാ

കുറുമാന്‍ said...

അഞ്ചു ഗുണങ്ങളും വളരെ നല്ലത് തന്നെ പരാജിതന്‍...

പൌലോ കൊയ്ലോ രണ്ടാഴ്ച മുന്‍പ് ദുബായില്‍ വന്നിരുന്നു.

ഡാലി said...

പരാജിതാ, വിവര്‍ത്തനവും തിരഞ്ഞെടുത്ത ഭാഗവും നന്നായി. ഇടയ്ക്കിടെ ഒടിഞ്ഞ് പോകുന്ന പെന്‍സിലും തെളിച്ചമില്ലത്ത ലെഡുമാണ് എന്റെ പ്രശ്നം.

ഇറേസറിനു മായ്കട്ട എന്നൊരു വാക്കുണ്ടെന്നു എന്നെ പഠിപ്പിച്ചത് എന്റെ കൊല്ലംകാരി മരുമോള്‍.

ചന്ത്രക്കാറന്‍ said...

ഉദാഹരണങ്ങളിലൂടെ സംസാരിക്കേണ്ടിവരുന്നത്‌ ആശയവിനിമയശേഷിയുടെ അപര്യാപ്തതയാണെന്നാണ്‌ എന്റെ പക്ഷം. ഇതേ ഉദാഹരണമുപയോഗിച്ചുതന്നെ ഇവിടെ ഉദ്ദേശിച്ചതില്‍നിന്നും കടകവിരുദ്ധമായ ആശയങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞേക്കും (എന്നല്ല, കഴിയും!) 'ചിലനേരത്ത്‌' പറഞ്ഞപോലെ ഈ ഉദാഹരണങ്ങളും വളരെ ദുര്‍ബലം.

ആശയങ്ങളെ വ്യക്തമാക്കാന്‍ ഉദാഹരണങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഉപകരിച്ചേക്കാം, പക്ഷേ അവ ഒരിക്കലും സ്വയം ഒരു ആശയരൂപം കൈക്കൊള്ളില്ലതന്നെ.

(വിമര്‍ശനം ഹരിയുടെ മൊഴിമാറ്റത്തിനല്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...)

Anonymous said...

ബിംബങ്ങള്‍ക്കും ഉപമകള്‍ക്കും ഉദാഹരണങ്ങള്‍ക്കുമുള്ള സാമ്യം അത്ഭുതപ്പെടുത്തുന്നതാണ്. ബിംബങ്ങളുടെ, എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രൂപങ്ങളാവുമോ ഉപമകള്‍? ബിംബങ്ങള്‍ക്ക് പകരമായി, സമകാലിക സന്ദര്‍ഭങ്ങളില്‍ നിന്ന് എടുത്ത് ഉപയോഗിക്കാവുന്ന രൂപങ്ങളാവുമോ ഉദാഹരണങ്ങള്‍? എന്തായാലും ഉപമകളും ഉദാഹരണങ്ങളും കാലക്രമത്തില്‍ ബിംബങ്ങളായി മാറി, മനുഷ്യകുലത്തിന്റെ ആശയവിനിമയത്തെ സ്വാധീനിച്ചിട്ടുള്ളതായി കാണാം.

പക്ഷേ, ഇവയൊന്നുമില്ലാതെ ആശയവിനിമയം നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ആശയവിനിമയത്തില്‍ ഉണ്ടായേക്കാവുന്ന ലൂപ്‌ഹോള്‍ ഒഴിവാക്കാനുള്ള മികച്ച മാര്‍ഗ്ഗം ഇവയൊക്കെയും പരമാവധി ഒഴിവാക്കലാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇവയെ ഒഴിവാക്കണമെന്നത് പറയുന്നത് കേവലവാദമല്ലേ?

അലിഗറി എഴുതുന്നവരെ ഓടിച്ചിട്ട് തല്ലണം എന്ന് കൃഷ്ണന്‍ നായര്‍ പറഞ്ഞത് ഓര്‍മ്മവരുന്നു!!!

വല്യമ്മായി said...

പെന്‍സിലിന്റെ കഥ പരിചയപ്പെടുത്തിയതിന് നന്ദി.

പെന്‍സിലിന്റെ ഉപമ എങ്ങനെയാണ് ദുര്‍ബലമാകുന്നത്.ലോകത്ത് ജനിച്ച് ജീവിച്ച് മരിച്ച് പോകുന എത്രയോ ലക്ഷം മനുഷ്യരില്‍ ചുരുക്കം ചിലര്‍ മാത്രമല്ലേ തങ്ങളൂടെ കാല്‍‌പ്പാടുകള്‍ അവശേഷിപ്പിക്കുന്നത്.അതു പോലെ എഴുത്തിന്റെ രീതി പോലിരിക്കും കടലാസിലെഴുതിയത് മായുമോ ഇല്ലയോ എന്നത്.

ഒരുപമയും എല്ലാ അര്‍ത്ഥതലത്തിലും പൂര്‍ണ്ണമാകുന്നില്ല.റോബര്‍ട്ട് കാര്വറുടെ കവിതയില്‍ പറഞ്ഞ പോലെ വാക്കുകളും (ഉപമകളൂം) പൂര്‍ണ്ണമായി ഒഴിവാക്കുമ്പോഴായിരിക്കും കവിത പൂര്‍ണ്ണമാകുന്നത്.

Pramod.KM said...

പെന്‍സിലിനെ പരിചയപ്പെടുത്തിയതിന്‍ പരാജിതന്‍ നന്ദി

Rasheed Chalil said...

പരാജിതാ അഞ്ച് ഗുണങ്ങളും ഉജ്ജ്വലം.

നിമിഷ::Nimisha said...

ജീവിതത്തെ പെന്‍സിലിനോട് ഉപമിച്ചപ്പോള്‍ ഒരു കൊച്ച് കുട്ടിയ്ക്ക് പോലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമായി. നല്ല വിവര്‍ത്തനം പരാജിതാ, അഭിനന്ദനങ്ങള്‍!

Suraj said...

കൊയിലോ കഥകള്‍ പുത്തന്‍ തലമുറയുടെ മാനേജ്മെന്റ് ഗുരുവും, സെല്‍ഫ് ഹെല്‍പ്പ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് ശൈലിയിലുള്ള എഴുത്തുകളാണെന്നും, അതു തന്നെയാണ് അദ്ദേഹത്തിന്റെ വര്‍ദ്ധിച്ച സമകാലിക സ്വീകാര്യതയെന്നും നിരീക്ഷണങ്ങള്‍ പലെയിടത്തു നിന്നും വരുന്നുണ്ട് - “പരാജിതന്‍” അവതരിപ്പിച്ച ഈ കഥാഭാഗം ആ ആരോപണത്തെ പൂര്‍ണ്ണമായും ശരിവയ്ക്കുന്നു. സെന്‍ ബുദ്ധിസ്റ്റ് ശൈലിയും പ്രകടം.

ശരിക്കും ഒരു “ജൂനിയര്‍ ചേമ്പര്‍ - റോട്ടറീ ക്ലബ്“ ഉത്ബോധന പ്രസംഗ ഐറ്റം!

എയര്‍പോര്‍ട്ടുകളിലും റെയില്‍ വേ സ്റ്റേഷനുകളിലും ഇന്നേറ്റവും വല്യ നേരംകൊല്ലിയും പൌലോ കൊയിലോ തന്നെയെന്നത് യാദ്യശ്ചികമല്ല.

(വിമര്‍ശം പരാജിതന്റെ തെരഞ്ഞടുപ്പിനെ ഉദ്ദേശിച്ചല്ല കേട്ടോ)