Tuesday, July 17, 2007

ഹൃദയമിടിപ്പ്‌

റെയ്‌നെര്‍ മരിയ റില്‍ക്കേ

വായകള്‍ മാത്രമാകുന്നു നാം.
സകലതിനും നടുവില്‍
സുരക്ഷിതമായ്‌ മരുവുന്ന വിദൂരഹൃദയത്തെപ്പറ്റി പാടുന്നതാര്‌?
അവന്റെ ഗംഭീരമായ മിടിപ്പ്‌
നമ്മളില്‍ ചെറുസ്പന്ദനങ്ങളായി ചിതറുന്നു.
അവന്റെ കൊടും ദുഃഖം,
അവന്റെ കടുത്ത ആഹ്ലാദമെന്ന പോലെ തന്നെ,
നമുക്ക്‌ താങ്ങാവുന്നതിലും വലുത്‌.
അതിനാല്‍ നമ്മള്‍
നമ്മെത്തന്നെ അവനില്‍ നിന്നും ദൂരേയ്ക്ക്‌ പറിച്ചുമാറ്റുന്നു,
ഒാരോ തവണയും,
വായകള്‍ മാത്രമായി അവശേഷിക്കുന്നു.

എങ്കിലും അപ്രതീക്ഷിതമായി, ഗൂഢമായി,
ആ ഭീമന്‍ മിടിപ്പ്‌ നമ്മുടെ ഉണ്മയില്‍ പ്രവേശിക്കുന്നു,
നമ്മള്‍ നിലവിളിക്കുന്നു..,
സ്വത്വത്തിലും ആവിഷ്കാരത്തിലും പരിണമിച്ചവരാകുന്നു.

Friday, June 29, 2007

അപരന്‍

ഒക്‍ടേവിയോ പാസ്‌

അവന്‍ തനിക്കായി ഒരു മുഖം കണ്ടുപിടിച്ചു.
അതിനു പിന്നില്‍,
അവന്‍ ജീവിച്ചു, മരിച്ചു, ഉയിര്‍‌ത്തെഴുന്നേറ്റു,
പല തവണ.

ഇപ്പോഴവന്റെ മുഖം
ആ മുഖത്തില്‍ നിന്നുള്ള ചുളിവുകള്‍ പേറുന്നു.
അവന്റെ ചുളിവുകള്‍ക്കോ
മുഖമില്ല താനും.

Monday, June 25, 2007

സംഗീതം

റെയ്‌നര്‍ മരിയ റില്‍ക്കേ

ഗ്രഹിക്കുകെന്‍ കരം, നിനക്കതായാസ-
രഹിത,മെന്നുടെ പ്രിയ മാലാഖ, ഞാ-
നറിയുന്നൂ, യെന്റെ വഴിയും നീ തന്നെ
ചലനമറ്റു നീയിരിക്കുമ്പോള്‍ പോലും.

അറിയുക,യേറെ ഭയക്കുന്നൂ ഞാനി-
ങ്ങൊരുത്തരുമെന്നെ തിരയുകില്ലിനി.
ലഭിച്ചതൊന്നുമേ ഉപയോഗിക്കുവാന്‍
കഴിഞ്ഞതി,ല്ലവര്‍ തിരസ്‌കരിച്ചെന്നെ.

തുടക്കത്തില്‍ ഏകാന്തത, മധുരമാ-
മൊരു ഗാനം പോലെ ഭ്രമിപ്പിച്ചെങ്കിലും
അനര്‍‌ഗ്ഗളമായി ചൊരിയും സംഗീത-
മസഹ്യമായെന്നെ മുറിപ്പെടുത്തുന്നു.

Friday, June 15, 2007

കുമ്പസാരം

ചാള്‍സ്‌ ബുകോവ്‌സ്‌കി


കാത്തിരിക്കുകയാണ്‌,
കിടക്കയിലേയ്ക്ക്‌ ചാടിക്കയറുന്ന
ഒരു പൂച്ചയെന്ന പോലെ
വന്നെത്തുന്ന മരണത്തെ.

ഏറെ വ്യസനിക്കുന്നു ഞാന്‍,
എന്റെ ഭാര്യയെയോര്‍ത്ത്‌.
അവള്‍ കാണുമിത്‌,
ഈ വിറങ്ങലിച്ച,
വെളുത്തശരീരം
ഒന്നു കുലുക്കിനോക്കുമൊരു തവണ,
ഒരു പക്ഷേ,
വീണ്ടും.

"ഹാങ്ക്‌!"

ഹാങ്ക്‌ വിളി കേള്‍ക്കില്ല.


എന്നെ വേദനിപ്പിക്കുന്നത്‌
എന്റെ മരണമല്ല,
എന്റെ ഭാര്യ,
ഒന്നുമില്ലായ്മയുടെ
ഈ കൂമ്പാരം മാത്രം
ശേഷിപ്പായി കിട്ടിയവള്‍.

എങ്കിലും അവളെയറിയിക്കാന്‍
‍ഞാനാശിക്കുന്നു:
എല്ലാ രാത്രികളിലും
അവളുടെ സമീപമുറങ്ങിയത്‌,

അര്‍ത്ഥശൂന്യമായ
തര്‍ക്കങ്ങള്‍ പോലും,
എന്നെന്നും സുന്ദരമായിരുന്നുവെന്ന്.

എക്കാലവും ഞാന്‍
പറയാന്‍ ഭയന്ന
ആ കടുത്ത വാക്കുകളും
ഇപ്പോള്‍ പറയാം:

"ഞാന്‍ നിന്നെ
പ്രണയിക്കുന്നു."

Tuesday, May 29, 2007

റോമിയോയും ജൂലിയെറ്റും

റിച്ചാര്‍ഡ്‌ ബ്രോറ്റിഗന്‍

നീ എനിക്കായി മരിക്കുമെങ്കില്‍
‍ഞാന്‍ നിനക്കായി മരിക്കും.

നമ്മുടെ കല്ലറകള്‍, രണ്ട്‌ കമിതാക്കള്‍
അലക്കുശാലയില്‍
തങ്ങളുടെ വസ്ത്രങ്ങള്‍
ഒരുമിച്ച്‌ അലക്കുന്നത്‌ പോലെയായിരിക്കും.

നീ സോപ്പ്‌ കൊണ്ടുവരുമെങ്കില്‍
ഞാന്‍ കാരം കൊണ്ടുവരാം.

Sunday, April 22, 2007

പൗലോ കൊയ്‌ലോ എഴുതിയത്‌പെന്‍സിലിന്റെ കഥ

പൗലോ കൊയ്‌ലോ

ഒരു കുട്ടി, അവന്റെ മുത്തശ്ശി കത്തെഴുതുന്നത്‌ നോക്കിയിരിക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ അവന്‍ ചോദിച്ചു:
"നമ്മള്‍ ചെയ്ത എന്തിനെയെങ്കിലും പറ്റി കഥയെഴുതുകയാണോ? എന്നെക്കുറിച്ചുള്ള ഒരു കഥയാണോ ഇത്‌?"

മുത്തശ്ശി എഴുത്തു നിര്‍ത്തിയിട്ട്‌ പേരക്കുട്ടിയോട്‌ പറഞ്ഞു:
"ഞാന്‍ നിന്നെക്കുറിച്ചെഴുതുകയാണ്‌, സത്യത്തില്‍. എന്നാല്‍ വാക്കുകളെക്കാള്‍ മുഖ്യം ഞാനുപയോഗിക്കുന്ന പെന്‍സിലാണ്‌. നീ വളരുമ്പോള്‍ ഈ പെന്‍സില്‍ പോലെയായിത്തീരണമെന്ന് ഞാനാശിക്കുന്നു."

അവന്‍ ജിജ്ഞാസയോടെ ആ പെന്‍സിലിലേക്ക്‌ നോക്കി. അതിന്‌ യാതൊരു സവിശേഷതയും തോന്നിയില്ല.

"പക്ഷേ ഞാന്‍ കണ്ടിട്ടുള്ള മറ്റേതൊരു പെന്‍സിലിനെയും പോലെയാണല്ലോ ഇതും!"

"നീ കാര്യങ്ങള്‍ എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമത്‌. ഇതിന്‌ അഞ്ചു ഗുണങ്ങളുണ്ട്‌. അവയെ മുറുകെ പിടിച്ചാല്‍ എല്ലായ്പ്പോഴും ലോകത്തോട്‌ സമരസപ്പെട്ട്‌ പോകാന്‍ കഴിയുന്നയാളായിത്തീരും നീ.

ഒന്നാമത്തെ ഗുണം: നിനക്ക്‌ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പക്ഷേ നിന്റെ ചുവടുകളെ നയിക്കുന്ന ഒരു കൈയുണ്ടെന്നത്‌ നീയൊരിക്കലും മറക്കരുത്‌. ആ കൈയെ നമ്മള്‍ ദൈവമെന്നു വിളിക്കുന്നു. അവന്‍ നമ്മളെ അവന്റെ ഹിതമനുസരിച്ച്‌ നയിക്കുന്നു.

രണ്ടാമത്തെ ഗുണം: ഇടയ്ക്കിടെ, എഴുത്ത്‌ നിര്‍ത്തിയിട്ട്‌ ഞാനിതിന്റെ മൂര്‍ച്ച കൂട്ടുന്നു. അത്‌ കാരണം പെന്‍സില്‍ അല്‌പം കഷ്ടപ്പെടുന്നുണ്ട്‌. എന്നാലത്‌ കഴിയുമ്പോള്‍ അവന്‌ കൂടുതല്‍ മൂര്‍ച്ച കൈ വരുന്നു. അത്‌ പോലെ, നീയും ചില വേദനകളും ദുഃഖങ്ങളും സഹിക്കാന്‍ പഠിക്കണം.
എന്തെന്നാല്‍ അവ നിന്നെ കൂടുതല്‍ മെച്ചപ്പെട്ട ഒരു വ്യക്തിയാക്കി മാറ്റും.

മൂന്നാമത്തെ ഗുണം: പെന്‍സില്‍ എപ്പോഴും ഒരു എറേസര്‍ ഉപയോഗിക്കാന്‍ നമ്മെ അനുവദിക്കുന്നു, ഏതു തെറ്റും മായ്ക്കാനായി. അതായത്‌, നമ്മള്‍ ചെയ്യുന്നതെന്തെങ്കിലും തിരുത്തുന്നത്‌ ഒരു മോശപ്പെട്ട കാര്യമല്ല. അത്‌ നമ്മളെ നീതിയുടെ വഴിയില്‍ നടക്കുവാന്‍ സഹായിക്കുന്നു.

നാലാം ഗുണം: ഒരു പെന്‍സിലില്‍ പ്രധാനം തടി കൊണ്ടുള്ള പുറംതോടല്ല, അതിനുള്ളിലെ ഗ്രാഫൈറ്റാണ്‌. അത്‌ കൊണ്ട്‌ എപ്പോഴും നിന്റെ ഉള്ളിലുള്ളതിന്‌ ശ്രദ്ധ നല്‌കുക.

ഒടുവിലായി, പെന്‍സിലിന്റെ അഞ്ചാമത്തെ ഗുണം: അത്‌ എപ്പോഴും ഒരു അടയാളം അവശേഷിപ്പിക്കുന്നു. അതേ രീതിയില്‍, നീ ജീവിതത്തില്‍ ചെയ്യുന്ന ഓരോ കാര്യവും ഒരടയാളം ബാക്കി വയ്ക്കുമെന്ന് നീ മനസ്സിലാക്കണം. അതിനാല്‍ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അതേപ്പറ്റി ബോധവാനായിരിക്കാന്‍ ശ്രമിക്കൂ."


(പൗലോ കൊയ്‌ലോയുടെ 'ഒഴുകുന്ന നദിയെന്ന പോലെ' എന്ന പുസ്തകത്തില്‍ നിന്ന്‌.)

Tuesday, April 17, 2007

റിച്ചാര്‍ഡ്‌ ബ്രോറ്റിഗന്റെ 'പ്രണയകവിത'

പ്രണയകവിത

റിച്ചാര്‍ഡ്‌ ബ്രോറ്റിഗന്‍


എത്ര ആനന്ദകരം,

പ്രഭാതത്തില്‍ തീര്‍ത്തും ഏകനായി ഉണരുന്നതും

ആരോടെങ്കിലും

നിങ്ങളവരെ സ്നേഹിക്കുന്നുവെന്ന്‌

മൊഴിയേണ്ടതില്ലാത്തതും,

നിങ്ങളവരെ ഇനിമേല്‍ സ്നേഹിക്കുന്നില്ലെന്നിരിക്കെ.

Wednesday, April 11, 2007

റെയ്‌മണ്ട്‌ കാര്‍വറുടെ കവിത

നായയുടെ മരണം

അതിന്റെ മേല്‍ ഒരു വാന്‍ കയറിയിറങ്ങുന്നു.
നിങ്ങളതിനെ പാതയോരത്ത്‌ കാണുന്നു,
മറവു ചെയ്യുന്നു.
നിങ്ങള്‍ക്കതേപ്പറ്റി വല്ലായ്മ തോന്നുന്നു.
നിങ്ങള്‍ക്ക്‌ വൈയക്തികമായി വല്ലായ്മ തോന്നുന്നു,
എന്നാല്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മകളെയോര്‍ത്തും വല്ലായ്മ തോന്നുന്നു
എന്തെന്നാല്‍ അത്‌ അവളുടെ ഓമനനായായിരുന്നു,
അവളതിനെ അത്രയ്ക്ക്‌ സ്നേഹിച്ചിരുന്നു.
അവളതിനോട്‌ മന്ത്രിക്കാറുണ്ടായിരുന്നു,
അവളുടെ കിടക്കയില്‍ ഉറങ്ങാന്‍ അനുവദിക്കാറുണ്ടായിരുന്നു.
നിങ്ങളതിനെക്കുറിച്ച്‌ ഒരു കവിതയെഴുതുന്നു.
നിങ്ങളതിനെ വിളിക്കുന്നു: മകള്‍ക്കായ്‌ ഒരു കവിത,
നായയുടെ മേല്‍ വാന്‍ കയറിയതിനെപ്പറ്റി,
നിങ്ങളതിനെ എങ്ങനെ ശുശ്രൂഷിച്ചുവെന്ന്,
വനത്തിനുള്ളിലേക്ക്‌ കൊണ്ടു പോയെന്ന്,
എന്നിട്ട്‌ ആഴത്തില്‍, ആഴത്തില്‍ മറവുചെയ്തെന്ന്,
ആ കവിത ഏറെ മികച്ചതായി മാറുന്നു.
ആ ചെറുനായ അടിപെട്ടതില്‍ നിങ്ങള്‍ക്ക്‌ ഏതാണ്ടൊരു തൃപ്തി വരുന്നു,
ഇല്ലെങ്കില്‍ നിങ്ങള്‍ ആ നല്ല കവിത ഒരിക്കലും എഴുതുമായിരുന്നില്ല.
തുടര്‍ന്ന് നിങ്ങള്‍ ഒരു കവിതഎഴുതാനിരിക്കുന്നു,
നായയുടെ മരണത്തെപ്പറ്റി
ഒരു കവിതയെഴുതുന്നതിനെക്കുറിച്ച്‌ ഒരു കവിത.
എന്നാല്‍, നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍
ഒരു സ്ത്രീ നിങ്ങളുടെ പേര്‌ വിളിച്ചു അലമുറയിടുന്നത്‌ നിങ്ങള്‍ കേള്‍ക്കുന്നു,
നിങ്ങളുടെ ഒന്നാം പേര്‌,
അതിലെ രണ്ട്‌ സ്വരമാത്രകളും,
നിങ്ങളുടെ ഹൃദയം നിലയ്ക്കുന്നു.
ഒരു മിനിറ്റിനു ശേഷം നിങ്ങള്‍ എഴുത്തു തുടരുന്നു,
അവള്‍ പിന്നെയും നിലവിളിക്കുന്നു.
നിങ്ങള്‍ ആശ്ചര്യപ്പെടുന്നു, ഇതെത്ര നേരം തുടരുമെന്ന്.

Monday, April 09, 2007

റോബര്‍ട്‌ ഫ്രാന്‍സിസിന്റെ കവിത

സ്ഫടികപാത്രം

കവിതയില്‍ വാക്കുകള്‍ സ്ഫടികപാത്രമാകണം.
ലളിതവും കനമില്ലാത്തതുമായ സ്ഫടികപാത്രം.
അതിന്റെ ആകൃതി
അത്‌ ഉള്‍ക്കൊള്ളുന്ന വസ്തുവിന്റെ ആകൃതി മാത്രം.

പാത്രത്തിന്‌ വേണ്ടി മാത്രം നിര്‍മ്മിച്ച പാത്രം
പൊള്ളയും ദുര്‍ബലവുമാണ്‌.
ഏറിയാല്‍ ഒരു വെനീഷ്യന്‍ അലങ്കാരവസ്തു.
ചിത്രപ്പണി ചെയ്ത സ്ഫടികപാത്രം
കവിതയെ അഥവാ കവിതയില്ലായ്മയെ മറയ്ക്കുന്നു.

വാക്കുകള്‍ കാഴ്ചയെ കടത്തി വിടണം,
ജനാലകളാകണം അവ.
ഏറ്റവും മികച്ച വാക്ക്‌ തികച്ചും അദൃശ്യം.
കവി ചിന്തിക്കുന്നത്‌, അതാകുന്നു കവിത.

അസാധ്യമെന്നത്‌ ഒരു മിഥ്യയായിരുന്നെങ്കില്‍,
സ്ഫടികപാത്രം, അത്‌ മാത്രം,
നീക്കം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍,
കവിത അവശേഷിക്കുമായിരുന്നു.

Saturday, January 20, 2007

പാസിന്റെ കവിത: സ്‌പര്‍ശം

സ്‌പര്‍ശം

ഒക്‍ടേവിയോ പാസ്‌


എന്റെ കൈകള്‍

നിന്റെ ഉണ്മയുടെ തിരശ്ശീലകള്‍ മാറ്റുന്നു

ഇനിയുമൊരു നഗ്നതയാല്‍ നിന്നെ ഉടുപ്പിക്കുന്നു

നിന്റെ ഉടലിന്റെ ഉടലുകളെ അനാവരണം ചെയ്യുന്നു

എന്റെ കൈകള്‍

നിന്റെ ഉടലിനായി മറ്റൊരുടലിനെ കണ്ടെത്തുന്നു

Thursday, January 11, 2007

ഫാമിദ റിയാസ്‌, വീണ്ടും

അക്‍ലീമ
(അക്‍ലീമയുടെ കരം ഗ്രഹിക്കാനായി സഹോദരന്മാര്‍ തമ്മില്‍ പൊരുതിയതായി ഒരൈതിഹ്യമുണ്ടത്രെ!)

അക്‍ലീമ,
കയീന്റെയുമാബേലിന്റെയും സോദരി,
അതേ മാതാവിന്‌ പിറന്നവള്‍.
എന്നാല്‍ വ്യത്യസ്തയായവള്‍.

തുടകള്‍ക്കിടയില്‍ വ്യത്യസ്ത,
സ്തനങ്ങളുടെ മുഴപ്പിലും.
അടിവയറ്റിലും ഗര്‍ഭാശയത്തി-
നകത്തും വ്യത്യസ്ത.

കൊഴുത്തൊരാട്ടിന്‍കുട്ടി തന്‍ ബലിയാ-
ണിവ തന്‍ വിധി; യതിനെന്ത്‌ കാരണം?

തിളയ്ക്കും സൂര്യനു താഴെ,
പൊള്ളുന്ന സ്വന്തമുടലിന്‍ തടവില്‍പ്പെട്ട്‌,
കുന്നിന്‍ മുകളില്‍ നില്‌ക്കുന്നിതവള്‍,
കല്ലില്‍ വരഞ്ഞൊരടയാളമെന്ന പോല്‍.

ശ്രദ്ധിച്ചു നോക്കുകാ രൂപം.

നീളന്‍ തുടകള്‍ക്ക്‌ മേലെ,
കെട്ടുപിണയും ഗര്‍ഭപാത്രത്തിന്‍ മേലെ,
പൊങ്ങി നില്‌ക്കും മുലകള്‍ക്കും മേലെ,
അക്‌ലീമയ്ക്കൊരു ശിരസ്സുമുണ്ടല്ലോ!

സ്രഷ്ടാവ്‌ എപ്പോഴെങ്കിലും അക്‌ലീമയോട്‌ ഉരിയാടുമാറാകട്ടെ.
എന്തെങ്കിലും ആരായുമാറാകട്ടെ.