Wednesday, April 11, 2007

റെയ്‌മണ്ട്‌ കാര്‍വറുടെ കവിത

നായയുടെ മരണം

അതിന്റെ മേല്‍ ഒരു വാന്‍ കയറിയിറങ്ങുന്നു.
നിങ്ങളതിനെ പാതയോരത്ത്‌ കാണുന്നു,
മറവു ചെയ്യുന്നു.
നിങ്ങള്‍ക്കതേപ്പറ്റി വല്ലായ്മ തോന്നുന്നു.
നിങ്ങള്‍ക്ക്‌ വൈയക്തികമായി വല്ലായ്മ തോന്നുന്നു,
എന്നാല്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മകളെയോര്‍ത്തും വല്ലായ്മ തോന്നുന്നു
എന്തെന്നാല്‍ അത്‌ അവളുടെ ഓമനനായായിരുന്നു,
അവളതിനെ അത്രയ്ക്ക്‌ സ്നേഹിച്ചിരുന്നു.
അവളതിനോട്‌ മന്ത്രിക്കാറുണ്ടായിരുന്നു,
അവളുടെ കിടക്കയില്‍ ഉറങ്ങാന്‍ അനുവദിക്കാറുണ്ടായിരുന്നു.
നിങ്ങളതിനെക്കുറിച്ച്‌ ഒരു കവിതയെഴുതുന്നു.
നിങ്ങളതിനെ വിളിക്കുന്നു: മകള്‍ക്കായ്‌ ഒരു കവിത,
നായയുടെ മേല്‍ വാന്‍ കയറിയതിനെപ്പറ്റി,
നിങ്ങളതിനെ എങ്ങനെ ശുശ്രൂഷിച്ചുവെന്ന്,
വനത്തിനുള്ളിലേക്ക്‌ കൊണ്ടു പോയെന്ന്,
എന്നിട്ട്‌ ആഴത്തില്‍, ആഴത്തില്‍ മറവുചെയ്തെന്ന്,
ആ കവിത ഏറെ മികച്ചതായി മാറുന്നു.
ആ ചെറുനായ അടിപെട്ടതില്‍ നിങ്ങള്‍ക്ക്‌ ഏതാണ്ടൊരു തൃപ്തി വരുന്നു,
ഇല്ലെങ്കില്‍ നിങ്ങള്‍ ആ നല്ല കവിത ഒരിക്കലും എഴുതുമായിരുന്നില്ല.
തുടര്‍ന്ന് നിങ്ങള്‍ ഒരു കവിതഎഴുതാനിരിക്കുന്നു,
നായയുടെ മരണത്തെപ്പറ്റി
ഒരു കവിതയെഴുതുന്നതിനെക്കുറിച്ച്‌ ഒരു കവിത.
എന്നാല്‍, നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍
ഒരു സ്ത്രീ നിങ്ങളുടെ പേര്‌ വിളിച്ചു അലമുറയിടുന്നത്‌ നിങ്ങള്‍ കേള്‍ക്കുന്നു,
നിങ്ങളുടെ ഒന്നാം പേര്‌,
അതിലെ രണ്ട്‌ സ്വരമാത്രകളും,
നിങ്ങളുടെ ഹൃദയം നിലയ്ക്കുന്നു.
ഒരു മിനിറ്റിനു ശേഷം നിങ്ങള്‍ എഴുത്തു തുടരുന്നു,
അവള്‍ പിന്നെയും നിലവിളിക്കുന്നു.
നിങ്ങള്‍ ആശ്ചര്യപ്പെടുന്നു, ഇതെത്ര നേരം തുടരുമെന്ന്.

13 comments:

പരാജിതന്‍ said...

കഥാകൃത്തും കവിയുമായിരുന്ന റെയ്‌മണ്ട്‌ കാര്‍വറുടെ (അമേരിക്ക) ശ്രദ്ധേയമായ ഒരു കവിത.

രാജ് said...

ഉഗ്രന്‍. പരിഭാഷപ്പെടുത്തലുകള്‍ക്കും തട്ടിയെടുക്കാനാവാത്ത എന്തോ ഒന്ന് ഈ കവിതയിലുണ്ട്.

Rasheed Chalil said...

പരാജിതാ... നല്ല ഉദ്യമം. ഒത്തിരി ഇഷ്ടമായി.

അഭയാര്‍ത്ഥി said...

ബ്ലോഗ്‌ ഗൗരവാവഹമായ ചിന്തകളിലേക്കും ക്രിയാത്മക എഴുത്തിലേക്കും തിരിയുന്നത്‌ ഈയിടെയായി ശക്തമായി അനുഭവപ്പെടുന്നു.
കൂട്ടത്തില്‍ ബ്ലോഗിന്റെ ആ "കൂട്ടായ്മ- ഞാന്‍ ഭാഗഭാക്കായ എന്റെ പ്രസ്ഥാനം- എന്റെ കുടുംബം" എന്ന ആ ചിന്തയും വളരുന്നു.

ഒരോഫ്‌ ടോപിക്‌-
പരാജിതന്റെ വിജയിച്ച തര്‍ജ്ജമ.
പാരജിതന്‍ എഴുതുന്നതൊക്കെയും വിജയിക്കുന്നു.
പരാജയപ്പെടാനാണോ പരാജിതന്‍ പരാജയപ്പെടുന്നത്‌

ആവനാഴി said...

പ്രിയ പാരിജാതന്‍,

ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വരുന്നത് പണ്ട് സ്കൂളില്‍ നിന്നു തിരിച്ചു വരുന്ന വഴി റോഡു വക്കിലൂടെ പോയ ഒരു ഭിക്ഷക്കാരിയുടെ മേല്‍ ഒരു സ്കൂട്ടര്‍ വന്നിടിച്ച രംഗമാണു. സ്കൂട്ടര്‍ നിര്‍ത്താതെ പോയി. അന്ധയായ ആ സ്ത്രീയെ വഴിയിലുപേക്ഷിച്ച്.

അതിപ്പോഴും മനസ്സിനെ കിടിലം കൊള്ളിക്കുന്നു.

ഓ.ടോ. പിന്നെ അദ്ധ്യായം 10 ല്‍ എന്റെ പ്രതികരണം എഴുതിയിട്ടുണ്ട്. വായിക്കുമല്ലോ.

സസ്നേഹം
ആവനാഴി

വേണു venu said...

ഹരി, നല്ല ഉദ്യമം .പരിഭാഷകളൊക്കെ നന്നാവുന്നു. അനുമോദനങ്ങള്‍‍.:)

സുശീലന്‍ said...

ഈ പരിഭാഷ മൂലകവിതയോടൊപ്പം നില്‍ക്കുന്നു. അഭിനന്ദനങ്ങള്‍

അത്തിക്കുര്‍ശി said...

പരാചിതന്റെ പരിഭാഷകള്‍ എല്ലാം വയിക്കാറുണ്ട്‌.
എല്ലാം മെച്ചം.. ഇത്‌ സൂപ്പര്‍!

ടി.പി.വിനോദ് said...

നല്ല കവിത...നല്ല വിവര്‍ത്തനം....

പരാജിതന്‍ said...

കമന്റുകള്‍ക്ക്‌ നന്ദി.

പലരും ഈ ബ്ലോഗ്‌ വായിക്കാറുണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

പെരിങ്ങോടന്‍ പറഞ്ഞതു പോലെ, കാര്‍വറിന്റെ എഴുത്തിന്‌ വല്ലാത്തൊരു ശക്തിയുണ്ട്‌. കവിതകള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ കഥകളും അങ്ങനെ തന്നെ.

സാധാരണയായി, പരിഭാഷപ്പെടുത്തുമ്പോള്‍ കുറെ ചോദ്യങ്ങള്‍ മനസ്സില്‍ വരും. ടോണ്‍ എങ്ങനെയായിരിക്കണം, ഏതളവു വരെ സ്വാതന്ത്ര്യമെടുക്കാം, മലയാളത്തിലേക്ക്‌ മാറ്റുമ്പോള്‍ ക്ലിഷ്ടത അനുഭവപ്പെടാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം എന്നിങ്ങനെ. ഈ കവിതയുടെ കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലായിരുന്നു. ഒറ്റയിരുപ്പിന്‌ നേരെ വരമൊഴിയില്‍ 'പടപടാ'ന്നു ടൈപ്പ്‌ ചെയ്തു തീര്‍ക്കുകയായിരുന്നു. ഇടയ്ക്ക്‌ ഒരു അലമുറ കേട്ടുവോ എന്നു ശരിക്കും സംശയം തോന്നി.

ഗന്ധര്‍വന്‍, ഈ പേര്‌ (പരാജിതന്‍) 'രക്ഷപ്പെടാനാ'യുള്ള ഒരു വിഫലശ്രമമാണ്‌. പക്ഷേ എപ്പോഴും പിടി വീഴുന്നു! അതും ഒരു പരാജയം തന്നെ; അല്ലേ? :)

Rajeeve Chelanat said...

പരാജിതന്‍,
ഇന്നാണ്‌ ഈ വിവര്‍ത്തനം കണ്ടത്‌. ഗംഭീരം. വേഗത്തില്‍, ശക്തമായി, ഉള്ളില്‍ കയറുന്ന കവിത, അതിനേക്കാള്‍ ഭയങ്കരമായി അതിനെ അനുഭവിപ്പിക്കുന്ന തര്‍ജ്ജമ. നന്ദി.

'പെന്‍സിലിന്റെ കഥ 'ഇ-മെയിലായി' പ്രചാരത്തിലുണ്ട്‌.

പരാജിതന്‍ said...

രാജീവ്‌, നന്ദി. വായനയ്ക്കും കമന്റിനും.

'പെന്‍സിലിന്റെ കഥ' ഇ-മെയില്‍ കിട്ടിയിട്ടില്ല. വിവര്‍ത്തനത്തിന്‌ പുസ്തകത്തെയാണ്‌ ആശ്രയിച്ചത്‌.

Cartoonist said...

പാരിജാതന്‍i
ഒന്നിനുമല്ല, വെറുതെ “ഹല്ലാ, എത്ര കാലായി”ന്നൊന്നു പറയാന്‍ മാത്രം കയറിവന്നതാണ്.
ആശംസകള്‍!
സജ്ജീവ്