Thursday, January 11, 2007

ഫാമിദ റിയാസ്‌, വീണ്ടും

അക്‍ലീമ
(അക്‍ലീമയുടെ കരം ഗ്രഹിക്കാനായി സഹോദരന്മാര്‍ തമ്മില്‍ പൊരുതിയതായി ഒരൈതിഹ്യമുണ്ടത്രെ!)

അക്‍ലീമ,
കയീന്റെയുമാബേലിന്റെയും സോദരി,
അതേ മാതാവിന്‌ പിറന്നവള്‍.
എന്നാല്‍ വ്യത്യസ്തയായവള്‍.

തുടകള്‍ക്കിടയില്‍ വ്യത്യസ്ത,
സ്തനങ്ങളുടെ മുഴപ്പിലും.
അടിവയറ്റിലും ഗര്‍ഭാശയത്തി-
നകത്തും വ്യത്യസ്ത.

കൊഴുത്തൊരാട്ടിന്‍കുട്ടി തന്‍ ബലിയാ-
ണിവ തന്‍ വിധി; യതിനെന്ത്‌ കാരണം?

തിളയ്ക്കും സൂര്യനു താഴെ,
പൊള്ളുന്ന സ്വന്തമുടലിന്‍ തടവില്‍പ്പെട്ട്‌,
കുന്നിന്‍ മുകളില്‍ നില്‌ക്കുന്നിതവള്‍,
കല്ലില്‍ വരഞ്ഞൊരടയാളമെന്ന പോല്‍.

ശ്രദ്ധിച്ചു നോക്കുകാ രൂപം.

നീളന്‍ തുടകള്‍ക്ക്‌ മേലെ,
കെട്ടുപിണയും ഗര്‍ഭപാത്രത്തിന്‍ മേലെ,
പൊങ്ങി നില്‌ക്കും മുലകള്‍ക്കും മേലെ,
അക്‌ലീമയ്ക്കൊരു ശിരസ്സുമുണ്ടല്ലോ!

സ്രഷ്ടാവ്‌ എപ്പോഴെങ്കിലും അക്‌ലീമയോട്‌ ഉരിയാടുമാറാകട്ടെ.
എന്തെങ്കിലും ആരായുമാറാകട്ടെ.

4 comments:

പരാജിതന്‍ said...

ഫാമിദ റിയാസിന്റെ മറ്റൊരു കവിത കൂടി: അക്‌ലീമ.

Anonymous said...

ഹല്ല..ഇതെന്തു പരിപാടിയാ...അശ്ലീലം ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലാന്ന് അറിഞ്ഞൂടേ...

Anonymous said...

പെണ്ണുടലിന്റെ പരാധീനതകള്‍ നന്നായി ആവിഷ്കരിച്ചിരിക്കുന്നു.(ആണുടലിനുമുണ്ട് പരാധീനതകള്‍,ആരറിയാന്‍...?)

Pramod.KM said...

ഒരു കവയിത്രിയെ പരിചയപ്പെടുതിയതിനു നന്ദി...