ഒരു സ്ത്രീയുടെ ചിരി
കല്‍മലകളില്‍ പാടുമരുവികളില്‍
പ്രതിദ്ധ്വനിപ്പൂ,
ഒരു തരുണിതന്‍ മൃദുഹാസം.
ധന,മധികാരം, യശസ്സൊക്കെയു,മര്‍ത്ഥശൂന്യം
അവള് തന്നുടലില്‍ ഒളിഞ്ഞുകിടപ്പ-
തവളുടെ സ്വാതന്ത്ര്യം.
ക്ഷിതിതന്‍ പുതുദൈവങ്ങളാകെ-
യൊത്തു പരിശ്രമിക്കിലും
കഴിയില്ലവര്‍ക്കു കേള്‍ക്കാന്‍
ആനന്ദമൂര്‍ച്ഛയിലവള്‍ തേങ്ങും നാദം.
വിപണിയില്‍ വില്ക്കുന്നിതെല്ലാ, മവള്‍ തന്
ആനന്ദമൊഴികെ.
അതിന് മൂര്‍ദ്ധന്യമവള്‍ മാത്രമറിവൂ,
അതു വില്പന ചെയ്വാനവള്‍ക്കാകില്ല തെല്ലും.
വരിക, താഴ്വര തന് വന്യവാതങ്ങളേ
വരിക, ചുംബിക്ക,യിവള് തന് വദനത്തെ.
പോകുന്നിതവള്‍,
കാറ്റിലുലയും മുടിയോടെ
കാറ്റിനൊപ്പം പാടി,
കാറ്റിന് പുത്രിയായ്.
(ഉര്‍ദുവിലെഴുതുന്ന സ്ത്രീപക്ഷ കവികളില്‍ പ്രമുഖയാണ് ഫാമിദ റിയാസ്.)
Tuesday, December 12, 2006
Subscribe to:
Post Comments (Atom)
13 comments:
ഒരു ഉര്‍ദു സ്ത്രീപക്ഷ കവിതയുടെ വിവര്‍ത്തനം.
ആരാ വിവര്‍ത്തനം നടത്തിയത്? ഹരിയപരാജിതന് ആണോ?
ശക്തമായ വാക്കുകള്‍ .
സു, അതെ. ശക്തമായ വാക്കുകളുടെ ക്രെഡിറ്റ് ഫാമിദ റിയാസിന് തന്നെ. നന്ദി.
ഫാമിദ റിയാസിന് വാഴ്ത്തുകള്‍..വിവര്ത്തകന് പൂച്ചെണ്ടുകള്‍..
പുതിയ ബ്ലോഗ് കവിതാവിവര്ത്തനങ്ങള്ക്കായി തുടങ്ങിയതാണെന്ന് ഊഹിക്കുന്നു..നന്നായി
വിവര്‍ത്തനം ചെയ്ത കവിതയായതോണ്ട് ധൈര്യായിട്ട് പറയാലോ...എനിക്കീ കവിത ഇഷ്ടമായില്ല.വിവര്‍ത്തനം നന്നായോന്ന് പറയണമെങ്കില്‍ ഉര്‍ദു വായിക്കാന്‍ പഠിക്കേണ്ടിവരും.താങ്കള്‍ക്ക് ഉര്‍ദുവും അറിയാമോ?കവിയെക്കുറിച്ച് അല്പം കൂടി വിവരണം ആവശ്യമാണ്;അവരുടെ കവിതകളെക്കുറിച്ചും.അല്ലെങ്കില്‍ താങ്കളുടെതന്നെ ഒരാസ്വാദനം അനുബന്ധമായി പോസ്റ്റണം.നല്ല ഉദ്യമം.ആശംസകള്‍...
ലാപുടേ, ഈ ബ്ലോഗ് തുടങ്ങാനുള്ള പ്രധാനകാരണം നിങ്ങളൊക്കെ തന്നെ. താല്പര്യത്തോടെ വായിക്കാനാളില്ലെങ്കില്‍ പിന്നെ എന്തോന്നു ബ്ലോഗ്? കവിതാവിവര്‍ത്തനം മാത്രം മതിയെന്ന് വിചാരിക്കുന്നു. ചിലപ്പോള്‍ മറ്റു ചില ചെറിയ (വലിയ) കൃതികളും തര്‍ജ്ജമ ചെയ്തേക്കാം.
വിഷ്ണു, "വിവര്‍ത്തനം ചെയ്ത കവിതയായതോണ്ട് ധൈര്യായിട്ട് പറയാലോ" എന്ന ഡയലോഗിന്റെ പശ്ചാത്തലസംഗീതമായി വിഷ്ണുവിന്റെ ചിരിയുടെ ശബ്ദം ഞാന്‍ കേട്ടല്ലോ. :) വിവര്ത്തനമല്ലാത്തതിനെപ്പറ്റിയും അങ്ങനെ തന്നെ പറയുന്നതല്ലേ നല്ലത്?
എനിക്ക് ഉര്‍ദു അറിയില്ല. രുക്സാനാ അഹ്മദിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് എന്തൊക്കെയോ ന്യൂനതയുള്ളതായി തോന്നുകയും ചെയ്തു. തര്‍ജ്ജമ ചെയ്യല്‍, സത്യത്തില്‍, പ്രയാസമുള്ളതായിരുന്നു. ഒരു തരം താളം കൊടുത്തത് അല്പം ദു:സ്വാതന്ത്ര്യമെടുത്താണ്. ഗസലിന്റെയൊക്കെ കാല്പനിക ഈണത്തിന് വിപരീതമായ, അല്പം പരുക്കനും ഇടയ്ക്ക് മുറിയുന്നതുമായ താളം ഫാമിദയുടെ എഴുത്തിന് ചേരുമെന്ന് തോന്നി. (ഒരു പക്ഷേ തെറ്റായിരിക്കാം.)
കവിത വിഷ്ണുവിന് ഇഷ്ടമായില്ല എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നിയില്ല. എന്തെന്നാല്‍ ഇതൊരു 'ഉദാത്തകവിത'യായി എനിക്കും തോന്നിയിട്ടില്ല. ഒരു പക്ഷേ കവിയ്ക്കും തോന്നിയിട്ടുണ്ടാവില്ല. (ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ചതാണീ കവിതയെന്നുമോര്ക്കണം.)
എന്നാല്‍ ഇത് പോസ്റ്റ് ചെയ്തതിന് കാരണമുണ്ട്.
പാകിസ്ഥാനില്‍ നിന്നുള്ള സ്ത്രീപക്ഷ രചനകളിലൊന്നിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശ്യം. 'ആവാസി'ന്റെ എഡിറ്ററായിരിക്കവേ വധശിക്ഷയുടെ വക്കില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ജനായത്തഭരണം വന്നപ്പോള്‍ തിരികെ പോകുകയും ചെയ്ത ഫാമിദയെ സംബന്ധിച്ചിടത്തോളം കവിതയെഴുത്തെന്നത് സ്ത്രീയുടെ ധീരമായ ചെറുത്തുനില്പായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. കവിത ഉളവാക്കുന്ന രസാനുഭൂതിയെക്കാള് അവര്‍ പ്രാധാന്യം നല്‍കിയത് അതിനായിരിക്കണം. നിവര്‍ന്നു നില്ക്കുവാന് ഉറപ്പുള്ള ഒരു പ്രതലമാണ് ആദ്യം വേണ്ടത് എന്ന കാഴ്ചപ്പാട്. അത് ശരിയുമാണ്.
'പെണ്ണെഴുത്ത്' എന്ന സംജ്ഞയെ പലരും പരിഹസിച്ചു കണ്ടിട്ടുണ്ട്. എന്നാല്‍ അതിന്റെ പ്രസക്തിയില്‍ തികഞ്ഞ വിശ്വാസമാണെനിക്ക്. കേറ്റ് മില്ലെറ്റിന്റെ വിശകലനം ചേര്‍ത്തുവയ്ക്കാതെ 'ലേഡി ചാറ്റര്‍ലീസ് ലവറി'ന്റെ വായന പൂര്‍ണ്ണമാകില്ല.
പരാജിതാ,ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ ചില ലിങ്കുകള്‍ കിട്ടി. ഇവിടെ വെക്കുന്നു. ആവശ്യമല്ലെന്ന് തോന്നുന്ന പക്ഷം ‘ഡിലിറ്റ് ഇറ്റ്.’
http://www.hindu.com/lr/2005/11/06/stories/2005110600240500.htm
http://www.soas.ac.uk/soaslit/issue1/YAQIN.PDF
http://en.wikipedia.org/wiki/Fahmida_Riaz
പ്രിയ പരാജിതന്, താങ്കള്‍ അവസാനം എഴുതിയ കമെന്റിലൂടെ കവിയുടെയും, കവിതയുടെയും പശ്ചാത്തലം വ്യക്തമാക്കിയത് കൂടുതല്‍ നന്നായി.
( ഈ കവിത എവിടെയോ എന്നെ വി എം ഗിരിജയുടെ കവിതകളെ ഓര്‍മ്മിപ്പിച്ചുവോ..)
മറ്റൊന്ന്, താങ്കള്‍ പറഞ്ഞതുപൊലെ, കവിത, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പലര്‍ക്കും ഒരു ചെറുത്തുനില്‍പ്പാണ്.
വിമതാ, വി.എം.ഗിരിജയുടെ എഴുത്തിനെക്കുറിച്ച് പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.ശരീരത്തെ അനാര്‍ഭാടവും സൂക്ഷ്മവുമായി എഴുതുന്നതിനാല്‍ ഫാമിദയുടെ ഈ കവിതയിലുമുണ്ട് പുതിയ സംവേദനം ആവശ്യപ്പെടുന്ന ചില ദിശാസൂചികള്‍...
പരാജിതനെ ഈ കവിതയുടെ മൊഴിമാറ്റത്തിലൂടെ ഞാന്‍ 'വിജയി'യായി പ്രഖ്യാപിക്കുന്നു. ഈ സംരംഭം മുടങ്ങാതെ തുടരണം. ലോകകവിതയുടെ 'ചെത്തവും ചൂരും' നാലാള് അനുഭവിച്ചറിയട്ടെ.
വിഷ്ണു, ഈ ലിങ്കുകള്‍ ഇവിടെയിട്ടതിന് വളരെ നന്ദി.
വിമതാ, ലാപുടേ, നന്ദി.
വി.എം. ഗിരിജയെപ്പറ്റിയെഴുതിയതിന് പ്രത്യേകനന്ദി. പുതിയ കവികളില്‍ പലരെയും ഞാന്‍ വായിച്ചിട്ടില്ല. ഇങ്ങനെ സുഹൃത്തുക്കള്‍ പറഞ്ഞറിയുമ്പോഴാണല്ലോ പലതും ശ്രദ്ധിക്കുന്നത്.
ശിവപ്രസാദ്, ആശംസയ്ക്ക് നന്ദി.
Post a Comment