Showing posts with label വിവര്‍ത്തനം. Show all posts
Showing posts with label വിവര്‍ത്തനം. Show all posts
Sunday, April 22, 2007
പൗലോ കൊയ്‌ലോ എഴുതിയത്
പെന്‍സിലിന്റെ കഥ
പൗലോ കൊയ്‌ലോ
ഒരു കുട്ടി, അവന്റെ മുത്തശ്ശി കത്തെഴുതുന്നത് നോക്കിയിരിക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ അവന്‍ ചോദിച്ചു:
"നമ്മള്‍ ചെയ്ത എന്തിനെയെങ്കിലും പറ്റി കഥയെഴുതുകയാണോ? എന്നെക്കുറിച്ചുള്ള ഒരു കഥയാണോ ഇത്?"
മുത്തശ്ശി എഴുത്തു നിര്‍ത്തിയിട്ട് പേരക്കുട്ടിയോട് പറഞ്ഞു:
"ഞാന്‍ നിന്നെക്കുറിച്ചെഴുതുകയാണ്, സത്യത്തില്‍. എന്നാല്‍ വാക്കുകളെക്കാള്‍ മുഖ്യം ഞാനുപയോഗിക്കുന്ന പെന്‍സിലാണ്. നീ വളരുമ്പോള്‍ ഈ പെന്‍സില്‍ പോലെയായിത്തീരണമെന്ന് ഞാനാശിക്കുന്നു."
അവന്‍ ജിജ്ഞാസയോടെ ആ പെന്‍സിലിലേക്ക് നോക്കി. അതിന് യാതൊരു സവിശേഷതയും തോന്നിയില്ല.
"പക്ഷേ ഞാന്‍ കണ്ടിട്ടുള്ള മറ്റേതൊരു പെന്‍സിലിനെയും പോലെയാണല്ലോ ഇതും!"
"നീ കാര്യങ്ങള്‍ എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമത്. ഇതിന് അഞ്ചു ഗുണങ്ങളുണ്ട്. അവയെ മുറുകെ പിടിച്ചാല്‍ എല്ലായ്പ്പോഴും ലോകത്തോട് സമരസപ്പെട്ട് പോകാന്‍ കഴിയുന്നയാളായിത്തീരും നീ.
ഒന്നാമത്തെ ഗുണം: നിനക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പക്ഷേ നിന്റെ ചുവടുകളെ നയിക്കുന്ന ഒരു കൈയുണ്ടെന്നത് നീയൊരിക്കലും മറക്കരുത്. ആ കൈയെ നമ്മള്‍ ദൈവമെന്നു വിളിക്കുന്നു. അവന്‍ നമ്മളെ അവന്റെ ഹിതമനുസരിച്ച് നയിക്കുന്നു.
രണ്ടാമത്തെ ഗുണം: ഇടയ്ക്കിടെ, എഴുത്ത് നിര്‍ത്തിയിട്ട് ഞാനിതിന്റെ മൂര്‍ച്ച കൂട്ടുന്നു. അത് കാരണം പെന്‍സില്‍ അല്‌പം കഷ്ടപ്പെടുന്നുണ്ട്. എന്നാലത് കഴിയുമ്പോള്‍ അവന് കൂടുതല്‍ മൂര്‍ച്ച കൈ വരുന്നു. അത് പോലെ, നീയും ചില വേദനകളും ദുഃഖങ്ങളും സഹിക്കാന്‍ പഠിക്കണം.
എന്തെന്നാല്‍ അവ നിന്നെ കൂടുതല്‍ മെച്ചപ്പെട്ട ഒരു വ്യക്തിയാക്കി മാറ്റും.
മൂന്നാമത്തെ ഗുണം: പെന്‍സില്‍ എപ്പോഴും ഒരു എറേസര്‍ ഉപയോഗിക്കാന്‍ നമ്മെ അനുവദിക്കുന്നു, ഏതു തെറ്റും മായ്ക്കാനായി. അതായത്, നമ്മള്‍ ചെയ്യുന്നതെന്തെങ്കിലും തിരുത്തുന്നത് ഒരു മോശപ്പെട്ട കാര്യമല്ല. അത് നമ്മളെ നീതിയുടെ വഴിയില്‍ നടക്കുവാന്‍ സഹായിക്കുന്നു.
നാലാം ഗുണം: ഒരു പെന്‍സിലില്‍ പ്രധാനം തടി കൊണ്ടുള്ള പുറംതോടല്ല, അതിനുള്ളിലെ ഗ്രാഫൈറ്റാണ്. അത് കൊണ്ട് എപ്പോഴും നിന്റെ ഉള്ളിലുള്ളതിന് ശ്രദ്ധ നല്‌കുക.
ഒടുവിലായി, പെന്‍സിലിന്റെ അഞ്ചാമത്തെ ഗുണം: അത് എപ്പോഴും ഒരു അടയാളം അവശേഷിപ്പിക്കുന്നു. അതേ രീതിയില്‍, നീ ജീവിതത്തില്‍ ചെയ്യുന്ന ഓരോ കാര്യവും ഒരടയാളം ബാക്കി വയ്ക്കുമെന്ന് നീ മനസ്സിലാക്കണം. അതിനാല്‍ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അതേപ്പറ്റി ബോധവാനായിരിക്കാന്‍ ശ്രമിക്കൂ."
(പൗലോ കൊയ്‌ലോയുടെ 'ഒഴുകുന്ന നദിയെന്ന പോലെ' എന്ന പുസ്തകത്തില്‍ നിന്ന്.)
Subscribe to:
Posts (Atom)