Friday, June 15, 2007

കുമ്പസാരം

ചാള്‍സ്‌ ബുകോവ്‌സ്‌കി


കാത്തിരിക്കുകയാണ്‌,
കിടക്കയിലേയ്ക്ക്‌ ചാടിക്കയറുന്ന
ഒരു പൂച്ചയെന്ന പോലെ
വന്നെത്തുന്ന മരണത്തെ.

ഏറെ വ്യസനിക്കുന്നു ഞാന്‍,
എന്റെ ഭാര്യയെയോര്‍ത്ത്‌.
അവള്‍ കാണുമിത്‌,
ഈ വിറങ്ങലിച്ച,
വെളുത്തശരീരം
ഒന്നു കുലുക്കിനോക്കുമൊരു തവണ,
ഒരു പക്ഷേ,
വീണ്ടും.

"ഹാങ്ക്‌!"

ഹാങ്ക്‌ വിളി കേള്‍ക്കില്ല.


എന്നെ വേദനിപ്പിക്കുന്നത്‌
എന്റെ മരണമല്ല,
എന്റെ ഭാര്യ,
ഒന്നുമില്ലായ്മയുടെ
ഈ കൂമ്പാരം മാത്രം
ശേഷിപ്പായി കിട്ടിയവള്‍.

എങ്കിലും അവളെയറിയിക്കാന്‍
‍ഞാനാശിക്കുന്നു:
എല്ലാ രാത്രികളിലും
അവളുടെ സമീപമുറങ്ങിയത്‌,

അര്‍ത്ഥശൂന്യമായ
തര്‍ക്കങ്ങള്‍ പോലും,
എന്നെന്നും സുന്ദരമായിരുന്നുവെന്ന്.

എക്കാലവും ഞാന്‍
പറയാന്‍ ഭയന്ന
ആ കടുത്ത വാക്കുകളും
ഇപ്പോള്‍ പറയാം:

"ഞാന്‍ നിന്നെ
പ്രണയിക്കുന്നു."

11 comments:

:: niKk | നിക്ക് :: said...

കവിത കൊള്ളാം.
പക്ഷെ, നൊമ്പരമുണര്‍ത്തി :(

Anonymous said...

സഫലമായ മറ്റൊരു യാത്ര.

K.V Manikantan said...

:)

Paul said...

എക്കാലവും ഞാന്‍
പറയാന്‍ ഭയന്ന
ആ കടുത്ത വാക്കുകളും
ഇപ്പോള്‍ പറയാം:

"ഞാന്‍ നിന്നെ
പ്രണയിക്കുന്നു."


എങ്ങനെ പറയണമെന്ന് ഇപ്പോഴും അറിയാതെ കുഴങ്ങി നില്‍ക്കുകയായിരുന്നു. ഇനി വൈകിക്കുന്നില്ല...

തറവാടി said...

തിരിച്ചറിവുകള്‍ എന്നും‌ വൈകിയ ചരിത്രമേയുള്ളൂ.

നല്ല കവിത :)

ടി.പി.വിനോദ് said...

നല്ല കവിത. പരിചയപ്പെടുത്തിയതിന് നന്ദി. കാലഹരണം എന്ന തികച്ചും സാധാരണമായ ആകുലതയെ അസാധരണമായ വൈകാരിക തീക്ഷ്ണതയിലേക്ക് വളര്‍ത്തുന്ന കവിതയുടെ മാന്ത്രികത അനുഭവിക്കാനായി.

വിശാഖ് ശങ്കര്‍ said...

എടാ,
നീ എവിടെന്നു തപ്പിയെടുക്കുന്നു ഇതൊക്കെ?
എത്രയോ തവണ മ്നസ്സില്‍ പറഞ്ഞവ..അനുഭവിച്ചവ..
അതൊരു കവി എഴുതിയപ്പോള്‍ കവിതയായി...

നെഞ്ചിലീ വരികള്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.ഈ വഴി കാണിച്ചുതന്നതിന് നന്ദി.

Anonymous said...

ജീവിതത്തിലെ രണ്ടു 'പമ്മല്‍' മുഹൂര്‍ത്തങ്ങളുടെ,പ്രണയവും മരണവും,അസ്വസ്ഥമാക്കുന്ന സൌന്ദര്യം.
പരാജിതന്റെ അന്വേഷണത്തിനും ലാപുടയുടെ കൃത്യതയ്ക്കും ഒരു ക്ലാപ്പ്.

വിഷ്ണു പ്രസാദ് said...

നല്ല കവിത വായിക്കാന്‍ തന്നതിന് നന്ദി.എല്ലാ വൈരസ്യങ്ങളെയും മരണം സുന്ദരമാക്കും...

പരാജിതന്‍ said...

വായനയ്ക്കും കമന്റുകള്‍‌ക്കും നന്ദി, എല്ലാ സുഹൃത്തുക്കള്‍‌ക്കും.

Inji Pennu said...

ഈ പരിചയപ്പെടുത്തലിനു നന്ദി.