Tuesday, December 12, 2006

ഫാമിദ റിയാസിന്റെ കവിത

ഒരു സ്ത്രീയുടെ ചിരി

കല്‍മലകളില്‍ പാടുമരുവികളില്‍
പ്രതിദ്ധ്വനിപ്പൂ,
ഒരു തരുണിതന്‍ മൃദുഹാസം.
ധന,മധികാരം, യശസ്സൊക്കെയു,മര്‍ത്ഥശൂന്യം
അവള്‍ തന്നുടലില്‍ ഒളിഞ്ഞുകിടപ്പ-
തവളുടെ സ്വാതന്ത്ര്യം.

ക്ഷിതിതന്‍ പുതുദൈവങ്ങളാകെ-
യൊത്തു പരിശ്രമിക്കിലും
കഴിയില്ലവര്‍ക്കു കേള്‍ക്കാന്‍
ആനന്ദമൂര്‍ച്ഛയിലവള്‍ തേങ്ങും നാദം.

വിപണിയില്‍ വില്‌ക്കുന്നിതെല്ലാ, മവള്‍ തന്‍
ആനന്ദമൊഴികെ.
അതിന്‍ മൂര്‍ദ്ധന്യമവള്‍ മാത്രമറിവൂ,
അതു വില്‌പന ചെയ്‌വാനവള്‍ക്കാകില്ല തെല്ലും.

വരിക, താഴ്‌വര തന്‍ വന്യവാതങ്ങളേ
വരിക, ചുംബിക്ക,യിവള്‍ തന്‍ വദനത്തെ.

പോകുന്നിതവള്‍,
കാറ്റിലുലയും മുടിയോടെ
കാറ്റിനൊപ്പം പാടി,
കാറ്റിന്‍ പുത്രിയായ്‌.


(ഉര്‍ദുവിലെഴുതുന്ന സ്ത്രീപക്ഷ കവികളില്‍ പ്രമുഖയാണ്‌ ഫാമിദ റിയാസ്‌.)